Friday, February 24, 2012

ഖത്തറിലെ വോളിബാള്‍ പെരുമയും മലയാളികളും

ഖത്തറിലെ ആദ്യകാല പ്രവാസി ഭാരതീയരില്‍ ഭൂരിപക്ഷവും മലബാര്‍ മേഖലയില്‍  നിന്നുള്ളവരാണെന്നതുപോലെ തന്നെ ആ ഭാഗത്ത് ഏറ്റവും പ്രചാരമുള്ള വോളിബാള്‍ തന്നെയായിരുന്നു ഖത്തറിലെ ആദ്യകാല സജീവ കളിക്കൂട്ടങ്ങള്‍ സൃഷ്ടിച്ചത്. പതിറ്റാണ്ടുകള്‍ക്കുമപ്പുറം പ്രവാസജീവിതത്തിന്റെ വിഹ്വലതകളും മടുപ്പും അകറ്റാന്‍ സാധാരണക്കാരില്‍ സാധാരണക്കാരായ മലയാളി സമൂഹം ആശ്രയിച്ചിരുന്നത് ഇത്തരം കളിക്കൂട്ടങ്ങളെയായിരുന്നു. വൈകുന്നേരങ്ങളിലും രാത്രി സമയങ്ങളിലും നടക്കാറുള്ള പരിശീലനങ്ങള്‍ക്ക് പോലും കാണികള്‍ ഏറെയായിരുന്നു. പരിമിതമായ വാഹന സൗകര്യമുള്ള അക്കാലങ്ങളില്‍ അബു ഫാന്‍ദാസിലും അബൂ ഹമൂറിലും മറ്റും നടക്കുന്ന പരിശീലങ്ങള്‍ക്കും മത്സരങ്ങള്‍ക്കുമാണ് ടാക്‌സിയില്‍ പോലും ആളുകള്‍ പൊയ്‌ക്കൊണ്ടിരുന്നത്.

മറ്റു ഗള്‍ഫുനാടുകളിലെന്നപോലെ ഖത്തറിലും വോളിബോള്‍ ക്ലബ്ബുകള്‍ തഴച്ചു വളരാന്‍ തുടങ്ങിയ കാലമായിരുന്നു അത്. ബത്തി, യൂസുഫ് ഫെര്‍ദോണി, അബൂ സമീര്‍, അബ്ദുല്ല ജുമാ, അതീക് എന്നീ ഖത്തരി താരങ്ങള്‍ക്ക് പിറകെ മുബാറക് ഈദ് എന്ന ഖത്തര്‍ കണ്ട എക്കാലത്തെയും മികച്ച താരം വളര്‍ന്നു വരികയായിരുന്നു. സയീദ് സാലെം, ജമാല്‍ സയാര്‍ തുടങ്ങിയ സഹകളിക്കാരും ഗള്‍ഫ് മേഖലയില്‍ അറിയപ്പെട്ടു തുടങ്ങി. ഇവരുടെയൊക്കെ വളര്‍ച്ചയ്ക്ക് ഒരു പരിധി വരെ നിദാനമായത് ഖത്തറില്‍ വിവിധ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിക്കാന്‍ വന്ന പ്രൊഫഷനലുകളായ ഏതാനും ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യമാണ്. വ്യത്യസ്ത ടീമുകള്‍ക്ക് വേണ്ടി എത്തി, യുവ ഖത്തരി താരങ്ങളുടെ 'മെന്റര്‍' മാരാവുകയായിരുന്നു അബ്ദുല്‍ റസാഖ്, സിറില്‍ സി വള്ളൂര്‍, ഉദയ കുമാര്‍, സന്ദീപ് ശര്‍മ എന്നീ ഇന്ത്യന്‍ ഇന്റര്‍നാഷനലുകള്‍.
1984ല്‍ റയ്യാന്‍ ക്ലബ്ബിലെത്തിയ അബ്ദുല്‍ റസാഖിലൂടെയാണ് വോളിബാളിലെ ഇന്ത്യന്‍ കരുത്ത് ഖത്തറിലെ ക്ലബ്ബുകളിലേക്ക് പടരുന്നത്. റസാഖിലെ പ്രതിഭയെ തിരിച്ചറിഞ്ഞ ഖത്തരി ക്ലബ്ബുകള്‍ കൂടുതല്‍ ഇന്ത്യന്‍ താരങ്ങളെ ഖത്തറില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 1986ലെ സോള്‍ ഏഷ്യന്‍ ഗെയിംസിലെ മിന്നുന്ന പ്രകടനത്തിന്റെ മികവിലാണ് സിറില്‍ സി വള്ളൂര്‍ ആദ്യമായി അല്‍ സദ്ദ് ക്ലബ്ബുമായി കരാറില്‍ ഒപ്പിടുന്നത്. സിറില്‍ പിന്നീട് അല്‍ അറബി, റയ്യാന്‍ എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിച്ചു. ഖത്തറില്‍ കളിച്ച ഇന്ത്യന്‍ താരങ്ങളില്‍ സിറില്‍ സി വള്ളൂരിന്റെ പേരാണ് ഇന്നും പഴയകാല ഖത്തര്‍ ദേശീയ താരങ്ങള്‍ക്ക് എടുത്തു പറയാനുള്ളത്. സിറിലിനു പിന്നാലെ, ഇന്ത്യയുടെ മറ്റൊരു മികച്ച താരമായ ഉദയകുമാര്‍ 1987ലാണ് അല്‍ അഹ്‌ലി ക്ലബ്ബിനു വേണ്ടി ദോഹയിലെത്തിയത്. അല്‍ അഹ്‌ലിയിലെ ആദ്യ അവസരത്തില്‍ തന്നെ ഖത്തര്‍ വോളിബാള്‍ പ്രേമികളുടെ മനസ്സിലേക്ക് കുടിയേറിയ ഉദയ കുമാര്‍ പിന്നീട് റയ്യാന്‍ ക്ലബ്ബിനു വേണ്ടിയും മികച്ച കളി പുറത്തെടുത്തു. വോളിബാളിന്റെ കാവ്യാത്മകത കായിക പ്രേമികള്‍ക്ക് മനസ്സിലാക്കിക്കൊടുത്ത ജിമ്മി, സിറില്‍, ഉടയാന്‍ ത്രയത്തില്‍ ജിമ്മി ജോര്‍ജ് മാത്രം ഖത്തറിലെ ക്ലബ്ബുകള്‍ക്ക് വേണ്ടി കളത്തിലിറങ്ങാത്തത് ഇപ്പോഴും ഒരു നഷ്ടസ്വപ്‌നമായി സൂക്ഷിക്കുകയാണ് ആരാധകര്‍. ഹരിയാനയില്‍ നിന്നുള്ള ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ സന്ദീപ് ശര്‍മയായിരുന്നു ആ കൂട്ടത്തില്‍ ഖത്തറില്‍ എത്തിയ മറ്റൊരു താരം. റയ്യാന്‍ ക്ലബ്ബിനും അല്‍ സദ്ദ് ക്ലബ്ബിനും വേണ്ടി വ്യത്യസ്ത സീസണുകള്‍ കളിച്ച സന്ദീപ് ശര്‍മ, ഇന്ത്യക്കാരുടെയും സ്വദേശികളുടെയും വലിയൊരു ആരാധക വൃന്ദം സൃഷ്ടിച്ചാണ് സ്‌പെയിനിലേക്ക് പറന്നത്. ചെറിയ ഇടവേളയ്ക്കു ശേഷമാണ് സുര്‍ജിത്, ജോബി ജോസഫ്, രാജേഷ് അമീര്‍ സിംഗ് എന്നീ ദേശീയ താരങ്ങള്‍ ക്ലബ്ബുകള്‍ക്ക് വേണ്ടി ഖത്തറില്‍ എത്തുന്നത്. ഏഷ്യന്‍ ജൂനിയര്‍ ചാംപ്യന്‍ഷിപ്പ് മികവിന്റെ അടിസ്ഥാനത്തില്‍ അവസരം ലഭിച്ച ഇവരില്‍, അമീര്‍ സിംഗ് ആണ് ഏറ്റവും കൂടുതല്‍ സീസണില്‍ ക്ലബ്ബിനു വേണ്ടി കളിച്ചത്- അല്‍ സദ്ദിനു വേണ്ടി. തുടര്‍ന്ന് വന്ന ടോം ജോസഫ്, സുബ്ബ റാവു, അവനീഷ്, സുബെ സിംഗ്, ജിതേന്ദര്‍ എന്നിവരുടെ കൂട്ടത്തില്‍ ടോം ജോസഫ് ആണ് ഏറ്റവും കൂടുതല്‍ സീസണിലും ഏറ്റവും മികച്ച നിലവാരത്തിലും  കളിച്ചത്.
ഇന്ത്യയില്‍ നിന്നെത്തിയ പ്രൊഫഷണല്‍ താരങ്ങള്‍ക്ക് പുറമേ, ഖത്തറില്‍ പ്രവാസ ജീവിതം നയിച്ചിരുന്ന ഏതാനും കളിക്കാരും ഖത്തര്‍ ടീം അംഗങ്ങളായിരുന്നു. അക്കൂട്ടത്തിലെ ആദ്യത്തെ പേര് വടകര  മുസ്തഫയുടെതാണ്. മുന്‍ കേരള സ്റ്റേറ്റ് താരമായ മുസ്തഫ പ്രവാസ ജീവിതത്തിനിടയില്‍ ഡിഫന്‍സ് ടീമിന്റെയും റയ്യാന്‍ ക്ലബ്ബിന്റെയും എണ്ണം പറഞ്ഞ കളിക്കാരിലൊരാളായിരുന്നു. മിലിട്ടറി ടീമിനും അല്‍ അറബി ക്ലബ്ബിനും വേണ്ടി കളിച്ച രവി മലയാളികള്‍ക്കിടയിലെ മറ്റൊരു മികച്ച കളിക്കാരനായിരുന്നു. മിലിട്ടറിക്കും അല്‍ അഹ്‌ലെയ്ക്കും വേണ്ടി കളിച്ച അബ്ദുല്ല കേളോത്ത്, അല്‍ അഹ്‌ലിയ്ക്ക് വേണ്ടി കളിച്ച പനച്ചിക്കണ്ടി മൊയ്തു, റയ്യാന്റെ ജെഴ്്‌സിയണിഞ്ഞ ഇബ്രാഹിം കാട്ടില്‍, ശമല്‍ ക്ലബ്ബിനു കളിച്ച ജാഫര്‍ എന്നിവരുടെ പട്ടിക വക്‌റ ക്ലബ്ബിനു  വേണ്ടി നിരവധി സീസണ്‍ കളിച്ച മുന്‍ ആന്ധ്ര സ്റ്റേറ്റ് താരം ഹാരിസ് മുഹമ്മദില്‍ എത്തി നില്‍ക്കുന്നു.
പ്രൊഫഷണല്‍ അല്ലാത്ത താരങ്ങളെ പരിപോഷിപ്പിക്കുവാന്‍ നിരവധി ടൂര്‍ണമെന്റുകള്‍ നടക്കാറുണ്ടായിരുന്നു പഴയ കാലങ്ങളില്‍. മന്നായ്, എ കെ സി, ക്യൂ ടെല്‍, ഷെരാട്ടണ്‍, കെ എം സി സി, ഐ സി ആര്‍ സി, റാസ് ലഫന്‍ മലാളി സമാജം എന്നീ സ്ഥാപനങ്ങളും സംഘടനകളും ഒട്ടേറെ മത്സരങ്ങള്‍ സംഘടിപ്പിച്ചു വന്നിരുന്നു. കെ എം സി സി സ്ഥിരമായി സംഘടിപ്പിച്ചിരുന്ന സി എച്ച് മെമ്മോറിയല്‍ ടൂര്‍ണ്ണമെന്റ് ആറേഴു വര്‍ഷം മുമ്പ് വരെ മുടങ്ങാതെ നടന്നിരുന്നു. ഇത്തരം മത്സരങ്ങളിലൂടെ പേരെടുത്ത താരങ്ങളില്‍ പ്രമുഖരാണ് പ്രേംനാഥ്, ഹമീദ് ഹാജി, ദാസന്‍, ആഷിക് മാഹി, അബ്ദുല്ല ഈങ്ങാട്ട്, നസീം പുനത്തില്‍, അശോകന്‍, ബഷീര്‍, കുഞ്ഞാലി എന്നീ പഴയകാല കളിക്കാരും ഇപ്പോള്‍ രംഗത്തുള്ള ഫൈസല്‍, സിറാജ് മട്ടന്നൂര്‍,  ആഷിക് അഹമദ്, സമീര്‍ പുനത്തില്‍, കെ പി സമീര്‍, ഹാറൂണ്‍, അഷ്‌റഫ് തങ്ങള്‍, അന്‍സാര്‍, പ്രവീണ്‍, മൊയ്തീന്‍,  റിയാസ്, സിറാജ് , അബ്ബാസ്, ഇല്യാസ്, ഫസ്ജര്‍, ഷെരീജ്, നാസര്‍, ശമീം, റംഷാദ്, മൂസ, ഖാദര്‍ തുടങ്ങിയവര്‍. നാട്ടില്‍ വോളിബാളിന് വര്‍ധിച്ചു വരുന്ന  സ്വീകാര്യതയുടെ പ്രതിഫലനമെന്നോണം ദോഹയിലും ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍, മാക് ഖത്തര്‍, ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ എന്നീ സംഘടനകളും മത്സരങ്ങള്‍ സംഘടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. വോളിബാള്‍ രംഗത്ത് മാത്രം പ്രവര്‍ത്തിക്കുന്ന വോളിഖ് ഈ രംഗത്ത് ഇന്ന് സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. നാട്ടിലെ പ്രമുഖ കളിക്കാരെ ഉള്‍പ്പെടുത്തി വോളിഖ് സംഘടിപ്പിച്ചു വരുന്ന വോളിഖ്  കപ്പ് ടൂര്‍ണമെന്റിന്റെ  മൂന്നാമത്തെ എഡിഷന്‍ മാര്‍ച്ച് ആറിന് നടക്കാനിരിക്കുകയാണ്.

4 comments:

  1. ഗുഡ് പോസ്റ്റ്

    പ്രാവാസത്തിലെ മറ്റൊരു നല്ല മുഖം

    ReplyDelete
  2. വോളിബാള്‍ രംഗത്ത് മാത്രം പ്രവര്‍ത്തിക്കുന്ന വോളിഖ് ഈ രംഗത്ത് ഇന്ന് സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. നാട്ടിലെ പ്രമുഖ കളിക്കാരെ ഉള്‍പ്പെടുത്തി വോളിഖ് സംഘടിപ്പിച്ചു വരുന്ന വോളിഖ് കപ്പ് ടൂര്‍ണമെന്റിന്റെ മൂന്നാമത്തെ എഡിഷന്‍ 2012 മാര്‍ച്ച് ആറിന് നടക്കാനിരിക്കുകയാണ്.
    മായിക ലോകം ശരിക്കും ഒരു കായിക ലോകമാവുകയാണ്......
    ആശംസകള്‍ ആഷിക് ഭായി

    ReplyDelete
  3. താങ്കള്‍ തിരഞ്ഞെടുത്ത വിഷയം നന്നായി. എഴുത്തും.

    ReplyDelete
  4. അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി...

    ReplyDelete